Sunday, April 13, 2014

അന്ദാസ് അപ്‌നാ അപ്‌നായ്ക്ക് 20 വയസ്സ്‌

ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ അന്ദാസ് അപ്‌നാ അപ്‌നയ്ക്ക് 20 വയസ്സ്. സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഒരുമിച്ച ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് വന്‍വിജയമായില്ലെങ്കിലും പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് നേടുകയായിരുന്നു.രാജ്‍കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചിത്രം അമര്‍ , പ്രേം എന്നീ രണ്ടു ചെറുപ്പക്കാര്‍ ധനികയായ നായികയെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ആ‍വിഷ്കരിക്കുന്നത്. അക്കാലത്തെ പ്രമുഖ നടിമാരായിരുന്ന രവീണ ടണ്‍ഠനും കരിഷ്മ കപൂറുമാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. 1994 പുറത്തിറങ്ങിയ ചിത്രത്തിന് മുംബൈയില്‍ മാത്രമേ ചലനമുണ്ടാക്കാന്‍ കഴിഞ്ഞുള്ളു. മാര്‍ക്കറ്റിങ്ങിലെയും വിതരണത്തിലെയും പാളിച്ചകളാണ് ചിത്രത്തിന് വിനയായത്. പിന്നീട് ടെലിവിഷനിലൂടെയും കാസറ്റുകളിലൂടെയും മറ്റൊരു മാനം കൈവരികയായിരുന്നു. ജനങ്ങളെ കുടുകുടെ ചിരിപ്പിക്കാന്‍ ചിത്രത്തിനായി. നായകന്മാരേക്കാള്‍ കൂടുതല്‍ മറ്റു കഥാപാത്രങ്ങളെയാകും ജനങ്ങള്‍ ഓര്‍ക്കുന്നത്. ശക്തി കപൂറിന്റെ കോമഡി വില്ലന്‍ വേഷമായ ക്രൈംമാസ്റ്റര്‍ ഗോഗോയും. പരേഷ് റാവലിന്റെ രാം ഗോപാല്‍ ബജാജിനെയും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ആമിറിന്റെയും സല്‍മാന്റെയും കരിയറിലെ മികച്ച ചിത്രമായിരുന്നു അന്ദാസ് അപ്‌നാ അപ്‌നാ. ചിത്രം ഇറങ്ങി 20 വര്‍ഷം പൂര്‍ത്തിയായെങ്കിലും അന്ദാസ് അപ്‌നാ അപ്‌നാ ഇന്നും ജനപ്രീയ ചിത്രമാണ്.

No comments:

Post a Comment