Sunday, May 25, 2014

മനം: അക്കിനേനി കുടുംബത്തിന്റെ ആഘോഷം


ആദ്യമായി  തീയറ്ററില്‍ പോയി ഒരു തെലുങ്കു ചിത്രം കണ്ടു. എറണാകുളത്തെ ലുലുമാളിലെ മല്‍ട്ടിപ്ലസായ പി വി ആറില്‍ പ്രധാനപ്പെട്ട ചില തെലുങ്ക് ചിത്രങ്ങള്‍ എത്താറുണ്ട്. തെലുങ്കിലെ ഭൂരിഭാഗം ചിത്രങ്ങളും മാസ് മസാലകള്‍ മാത്രമായി പരിണമിക്കാറുള്ളതിനാല്‍ അത് പോയി കാണാന്‍ മെനക്കെടാറില്ല. പക്ഷെ തെലുങ്ക് ചലച്ചിത്ര മേഖല എപ്പൊഴും എന്നെ അതിശയപ്പെടുത്തിയിരുന്നു. തെലുങ്കിലെ സുവര്‍ണ്ണതാരമായ നാഗേശ്വരറാവുവിന്റെ അവസാന ചിത്രമായ മനം, തീര്‍ച്ചയായും തെലുങ്കു ചലച്ചിത്ര പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ഒന്നാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. നാഗേശ്വര റാവുവും,നാഗാര്‍ജ്ജുനയും, നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണു മനം. യഥാര്‍ത്ഥത്തില്‍ അക്കിനേനി കുടുംബത്തിന്‍റെ ഒരു ആഘോഷ ചിത്രം. നാഗേശ്വര റാവുവിന്റെ നിര്യാണം ചിത്രത്തിലേക്കുള്ള പ്രേക്ഷകശ്രദ്ധ വര്‍ധിപ്പിച്ചു.
നാഗചൈതന്യയുടെ  ഹിറ്റും ആദ്യത്തെയും ജോഡിയായ സാമന്തയാണു ചിത്രത്തിലും ചൈതന്യക്കു ജോഡിയാകുന്നത്. ശ്രീയ ശരണാണു നാഗാര്‍ജ്ജുനയുടെ നായിക. എന്നെ ചിത്രത്തിലെക്ക് ആകര്‍ഷിച്ചത് തീര്‍ച്ചയായും സാമന്ത തന്നെയാണ്. നീതാനെ എന്‍ പൊന്‍ വസന്തം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച നടിയാണു സാമന്ത. മനത്തിലും സാം മികച്ച പ്രകടനമാണു കാഴ്ച വെച്ചിരിക്കുന്നത്. പ്രണയരംഗങ്ങളിലും വികാരപരമായ രംഗങ്ങളിലും സാമന്ത തിളങ്ങുന്നുണ്ട്. ശ്രീയയും മോശമാക്കിയിട്ടില്ല. പക്ഷെ ആദ്യം സൂചിപ്പിചതുപോലെ ചിത്രം അക്കിനേനി കുടുംബത്തിന്റേതാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ ലാസ്റ്റ് ഷോട്ടില്‍ നായികമാര്‍ ഫ്രെയിം ഔട്ട് ആകുന്നത്. ചിത്രം പറയുന്നത് പുനര്‍ജ്ജന്മകഥയാണ്. ജന്മാന്തരങ്ങളോളം അറ്റു പോകാത്ത ബന്ധങ്ങളുടെ കഥ. നാഗേശ്വര റാവു നാഗചൈതന്യയായും, നാഗര്‍ജ്ജുന നാഗേശ്വര റാവുവായും, നാഗചൈതന്യ നാഗാര്‍ജ്ജുനയായുമാണ്  ആഭിനയിക്കുന്നത്. തെലുങ്ക് സിനിമപ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്ന ഒന്നാണിത്. പേരുകള്‍ മാത്രമല്ല ഇവരുടെ ബന്ധങ്ങളും മാറുന്നു. നാഗചൈതന്യയുടെ മകനായി നാഗര്‍ജ്ജുനയും, നാഗര്‍ജ്ജുനയുടെ മകനായി നാഗേശ്വര റാവുവുമാണ് എത്തുന്നത്. നാഗര്‍ജ്ജുനയുടെ ഭാര്യയ അമലയും ഇളയ  മകനായ അഖിലും ചിത്രതില്‍ അതിഥിവേഷത്തിലുണ്ട്. സംവിധായകന്‍ വിക്രം കുമാറിന്  തന്റെ കഴിവ് തെളിയിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.   ഈ വന്‍ താരനിരയെ കഥയുടെ രസച്ചരട് അറ്റുപോകാതെ കോര്‍ക്കാന്‍ സംവിധായകന് കഴിഞ്ഞു. അനൂപ് റൂബന്‍സ് ഈണമിട്ട ഗാനങ്ങളും പശ്ചാത്ത്ന്‍ സംഗീതവും മികച്ചു നില്‍ക്കുന്നു. അവസാനരംഗത്തിലെ അതിമാനുഷികത ചിത്രത്തിന്റെ നിലവാരം കുറയ്ക്കുന്നതാണ്. കണ്ടിരിക്കേണ്ട തെലുങ്കു ചിത്രമാണ് മനം.

No comments:

Post a Comment